
പൂനെ: കാൽ വഴുതി താഴ്ചയിലേക്ക് മറിഞ്ഞ യുവാവിന്റെ മരണം അപകടമല്ല, ആസൂത്രിത കൊലപാതകമെന്ന് പൊലീസിന്റെ കണ്ടെത്തൽ. മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ 25കാരനായ കേതൻ വിശാൽ അഗർവാൾ എന്ന യുവാവ് മരിച്ച സംഭവമാണ് ക്രൂരമായ കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. യുവാവിന്റെ പ്രതിശ്രുത വധു സിയ ഗോയലും (20) കാമുകൻ ചേതൻ ചൗധരിയും (22) ചേർന്ന് യുവാവിനെ താഴ്ചയിലേക്ക് തള്ളിയിട്ട് കൊല്ലുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി.
കഴിഞ്ഞ ജൂൺ 19നായിരുന്നു കേതൻ കോട്ടയിൽ നിന്ന് വീണു മരിച്ചത്. സംഭവം അപകട മരണമാക്കി തീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ ഇതിന് മുൻപും സമാനമായ രീതിയിൽ കേതനെ അപായപ്പെടുത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായും അതെല്ലാം പരാജയപ്പെടുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിൽ സിയയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. കാമുകനായ ചേതനുമായി സിയ പ്രണയത്തിലായിരുന്നു. തങ്ങളുടെ ബന്ധത്തിന് തടസമായി നിന്ന കേതനെ ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. മേയ് 31ന് കേതനും സിയയും ലോഹഗഡ് കോട്ട സന്ദർശിച്ചപ്പോഴാണ് സിയയുടെ മനസിൽ കൊലപാതക പദ്ധതി രൂപപ്പെടുന്നത്. തുടർന്ന് ജൂൺ 14ന് കേതനെ വീണ്ടും കോട്ടയിലെത്തിച്ചു. പാമ്പ് വരുന്നുണ്ടെന്ന് ഭയപ്പെടുത്തി താഴ്ചയിലേക്ക് ചാടിക്കാൻ ശ്രമിച്ചെങ്കിലും കേതൻ ഭയപ്പെടാതിരുന്നതിനാൽ ആശ്രമം പരാജയപ്പെട്ടു.
പിന്നീട് ജൂൺ 19ന് സിയയുടെ ജന്മദിനത്തിൽ പ്രീവെഡിംഗ് ഫോട്ടോഷൂട്ടിനെന്ന വ്യാജേന കേതനെ വീണ്ടും കോട്ടയിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് പ്ലാൻ ചെയ്ത പ്രകാരം ഒളിഞ്ഞിരുന്ന കാമുകൻ ചേതൻ പുറകിൽ നിന്നെത്തുകയും, ഇരുവരും ചേർന്ന് കേതനെ താഴ്ചയിലേക്ക് തള്ളിയിടുകയുമായിരുന്നു.
കോട്ടയുടെ അരികിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീണതാണെന്നാണ് ആദ്യം പൊലീസ് കരുതിയിരുന്നത്. എന്നാൽ ചോദ്യം ചെയ്യലിൽ സിയ ചില വിവരങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിച്ചത് പൊലീസിന് സംശയമുണ്ടാക്കി. തുടർന്ന് സിയയുടെ മൊബൈൽ ഫോണിൽ നടത്തിയ വിശദമായ പരിശോധനയിലാണ് കേസിൽ വഴിത്തിരിവുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |